അഴുകിയ നിലയിലെ മൃതദേഹം തിരിച്ചറിയാൻ സഹായിച്ചത് സോക്സ്, ഫോണില്‍ ഡേറ്റിംഗ് ആപ്പ് കണ്ടത് പ്രകോപനം, 24കാരിയെ പീഡിപ്പിച്ച്‌ കൊന്ന് സഹപാഠി

ഇൻഡോർ: ജനന സർട്ടിഫിക്കറ്റില്‍ തിരുത്ത് വരുത്താനുള്ള അപേക്ഷ നല്‍കിയതിന് ശേഷം സുഹൃത്തിന്റെ പിറന്നാള്‍ ആഘോഷം കഴിഞ്ഞ് മടങ്ങിയെത്താമെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയ മകളെ കാണാതായി.

നാല് ദിവസത്തിന് ശേഷം അഴുകിയ നിലയിലുള്ള മൃതദേഹം തിരിച്ചറിയാൻ അച്ഛനെ സഹായിച്ചത് യുവതി ധരിച്ചിരുന്ന സോക്സ്. മധ്യപ്രദേശിലെ ഇൻഡോറില്‍ നടന്ന എംബിഎ വിദ്യാർത്ഥിനിയുടെ കൊലപാതകത്തില്‍ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. സഹപാഠിയുടെ വാടക വീട്ടിലാണ് 24കാരിയുടെ മൃതദേഹംകണ്ടെത്തിയത്. ക്രൂരമായ ശാരീരിക ലൈംഗിക പീഡനത്തിന് ഇരയായാണ് യുവതി കൊല്ലപ്പെട്ടത്. അഴുകിയ നിലയിലാണ് യുവതിയുടെ മൃതദേഹമുണ്ടായിരുന്നത്. സംഭവത്തില്‍ 24കാരിയുടെ സഹപാഠി പിയൂഷ് ധംനോദിയയെ പൊലീസ് മുംബൈയില്‍ നിന്ന് പിടികൂടി.

ഫെബ്രുവരി 10നാണ് യുവതിയെ കാണാതായത്. കോളേജ് വാട്ട്സ്‌ആപ്പ് ഗ്രൂപ്പില്‍ 24കാരിയുടെ അശ്ലീല വീഡിയോ പോസ്റ്റ് ചെയ്ത ശേഷമാണ് പിയൂഷ് ഒളിവില്‍ പോയത്. കഴിഞ്ഞ സെപ്തംബർ മാസം മുതല്‍ 24കാരി പിയൂഷുമായി പ്രണയത്തിലായിരുന്നുവെന്നാണ് യുവാവ് അവകാശപ്പെടുന്നത്. അടുത്തിടെ യുവതിയുടെ ഫോണില്‍ ഒരു ഡേറ്റിംഗ് ആപ്പ് കണ്ടതാണ് ക്രൂരതയ്ക്ക് പിന്നിലെന്നാണ് യുവാവ് മൊഴി നല്‍കിയത്. യുവതി മറ്റാരുമായോ പ്രണയത്തിലാണെന്ന സംശയവും വിവാഹത്തേക്കുറിച്ചുള്ള സംസാരത്തിനിടെയുണ്ടായ വാക്കേറ്റവുമാണ് കൊലപാതകത്തില്‍ കലാശിച്ചത്. അടച്ചിട്ട മുറിയില്‍ നിന്ന് ദുർഗന്ധം വരുന്നതായി അയല്‍വാസി പരാതിപ്പെട്ടതോടെയാണ് പൊലീസ് പിയൂഷിന്റെ വാടക ഫ്ലാറ്റിലെത്തിയത്. ഫ്ലാറ്റില്‍ വച്ച്‌ പിയൂഷ് ലൈംഗിക ബന്ധത്തിലേർപ്പെടാൻ യുവതിയെ നിർബന്ധിച്ചു. വിസമ്മതിച്ച യുവതിയെ ഇയാള്‍ ക്രൂരമായി പീഡിപ്പിച്ചു. ഈ ദൃശ്യങ്ങളാണ് യുവാവിന്റെ മുഖം മറച്ച്‌ വാട്ട്സ്‌ആപ്പ് ഗ്രൂപ്പിലേക്ക് പിയൂഷ് അയച്ചത്. ഇതിനു ശേഷം പിയൂഷ് യുവതിയുടെ കാലുകളും കെട്ടുകയും കണ്ണ് മൂടിക്കെട്ടി. യുവതി എതിര്‍ത്തപ്പോള്‍ വായില്‍ തുണി തിരുകി നെഞ്ചില്‍ കയറി ഇരുന്നു. ശ്വാസംമുട്ടി പെണ്‍കുട്ടി മരിക്കുന്നത് വരെ ഇരുത്തം തുടര്‍ന്നു. മരിച്ചുവെന്ന് ഉറപ്പായപ്പോള്‍ കത്തി കൊണ്ട് നെഞ്ചില്‍ കുത്തിയെന്നും പിയൂഷ് പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

കൊലയ്ക്കു ശേഷം മുറിയില്‍ നിന്നും പുറത്തിറങ്ങിയ പീയുഷ് മദ്യവുമായി തിരിച്ചുവന്നു. മൃതദേഹത്തിനടുത്തിരുന്ന് മദ്യപിച്ച ശേഷം മൃതദേഹത്തേയും ലൈംഗികമായി ഉപയോഗിച്ചു. ശേഷം വസ്ത്രം മാറി പുറത്തേക്കിറങ്ങി മുംബൈയിലേക്ക് പോവുകയായിരുന്നു. പീയുഷും യുവതിയും ഒന്നിച്ചുള്ള പതിനൊന്നോളം ദൃശ്യങ്ങള്‍ കോളേജ് ഗ്രൂപ്പുകളില്‍ ഷെയര്‍ ചെയ്യപ്പെട്ടിരുന്നു. യുവതിയുടെ ഫോണില്‍ നിന്നാണ് ഈ ദൃശ്യങ്ങള്‍ പുറത്തുപോയത്. ദൃശ്യങ്ങള്‍ യുവതിയുടെ വാട്‌സ്‌ആപ്പ് സ്റ്റാറ്റസ് ആക്കി, കോണ്‍ടാക്‌ട് ലിസ്റ്റിലുള്ളവര്‍ക്ക് ദൃശ്യങ്ങള്‍ അയക്കുകയും ചെയ്തു. ഇതെല്ലാം ചെയ്തത് പിയൂഷ് തന്നെയാണെന്നാണ് പൊലീസ് കണ്ടെത്തിയത്. മുംബൈയില്‍ പല ഹോട്ടലുകളില്‍ താമസിച്ച യുവാവ് കുറ്റബോധം തോന്നി യുവതിയുടെ ആത്മാവുമായി സംസാരിക്കാൻ ദുർമന്ത്രവാദത്തില്‍ ഏർപ്പെട്ടതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
Previous Post Next Post