ഭാരതത്തില്‍ മുസ്‌ലിംകള്‍ക്ക് യാതൊരു പ്രയാസവുമില്ല; പള്ളികളും മദ്രസകളും അറബിക് കോളജുകളുമെല്ലാം നല്ല രീതിയില്‍ നടക്കുന്നുണ്ട്: കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍

ന്യൂഡല്‍ഹി: ഭാരതത്തില്‍ മുസ്‌ലിംകള്‍ക്ക് യാതൊരു പ്രയാസവുമില്ലെന്നു അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ.

പള്ളികളും മദ്രസകളും അറബിക് കോളജുകളുമെല്ലാം നല്ല രീതിയില്‍ നടക്കുന്നുണ്ട്. ഒന്നിനും ഒരു തടസവുമില്ലെന്നും കാന്തപുരം പറഞ്ഞു. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് ശേഷം ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് കാന്തപുരത്തിന്റെ പ്രതികരണം. രാജ്യാന്തര തലത്തില്‍ സമാധാനം ഉറപ്പുവരുത്തുന്നതില്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ നടത്തുന്ന നയതന്ത്ര ഇടപെടലുകളെ കാന്തപുരം അഭിനന്ദിച്ചു.

കാന്തപുരത്തിന്റെ സേവനങ്ങള്‍ ശ്രദ്ധേയമാണെന്ന് കൂടിക്കാഴ്ചയ്‌ക്ക് ശേഷം പ്രധാനമന്ത്രി പറഞ്ഞു. വിവിധ വിഷയങ്ങളില്‍ വിപുലമായ ആശയവിനിമയം നടത്തി. സാമൂഹിക സൗഹൃദവും സഹോദരത്വവും ശക്തിപ്പെടുത്തുന്നതിനും വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിനുമായി അദ്ദേഹം നടത്തുന്ന ശ്രമങ്ങള്‍ ശ്രദ്ധേയമാണെന്ന് പ്രധാനമന്ത്രി എക്സില്‍ കുറിച്ചു.

കഴിഞ്ഞ ദിവസമായിരുന്നു കൂടിക്കാഴ്ച നടന്നത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി ഷേയ്ഖ് അബ്ദുല്‍ റഹ്മാൻ സഖാഫി, മർക്കസ് നോളജ് സിറ്റി മാനേജിംഗ് ഡയറക്ടർ ഡോ. മുഹമ്മദ് അബ്ദുല്‍ ഹക്കീം അസ്ഹരി എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
Previous Post Next Post