ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയെയും കാരവാന്‍ മാസികയെയും തള്ളിപ്പറഞ്ഞ് മുന്‍ കരസേന മേധാവി ജനറല്‍ നരാവനെ. 2020ലെ ഗാല്‍വാന്‍ യുദ്ധത്തില്‍ ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും ചൈന പിടിച്ചിട്ടില്ലെന്നും നരാവനെ പറഞ്ഞു.
അര്‍ണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ചാനല്‍ പുറത്തുവിട്ട അഭിമുഖത്തിലാണ് നരാവനെ രാഹുല്‍ ഗാന്ധിയ്‌ക്കും കാരവാന്‍ മാസികയ്‌ക്കും എതിരെ ആഞ്ഞടിച്ചത്.
റിപ്പബ്ലിക് ടിവിയുടെ അലിഷ നായര്‍ നടത്തിയ ഇന്‍റര്‍വ്യൂവിലാണ് നരാവനെ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. രാഹുല്‍ ഗാന്ധിയ്‌ക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ് നരാവനെയുടെ ഇന്‍റര്‍വ്യൂ.
2020ലെ ഗാല്‍വാന്‍ യുദ്ധത്തില്‍ ഇന്ത്യയുടെ ഭൂമി ചൈന വെട്ടിപ്പിടിച്ചു എന്നാണല്ലോ രാഹുല്‍ ഗാന്ധി ആരോപിച്ചത് എന്ന ചോദ്യത്തിന് നിങ്ങള്‍ ചൈനയോട് ഈ ചോദ്യം ചോദിച്ചുനോക്കൂ എന്നായിരുന്നു കരസേന മേധാവി റിട്ട. ജനറല്‍ നരാവനെയുടെ മറുപടി. “2020ലെ ഗാല്‍വന്‍ യുദ്ധത്തില്‍ നിങ്ങള്‍ ഇന്ത്യയുടെ ഏതെങ്കിലും ഭൂമി പിടിച്ചെടുത്തിട്ടുണ്ടോ എന്ന്. അവര്‍ ഇല്ല എന്ന ഉത്തരമാണ് നല്‍കുക. നമ്മള്‍ ഒരിഞ്ച് ഭൂമി പോലും വിട്ടുകൊടുത്തിട്ടില്ല. ആര്‍ക്കും ഇക്കാര്യത്തില്‍ ഒരു സംശയവും വേണ്ട”. -നരാവനെ പറഞ്ഞു.
ജനറല്‍ നരാവനെയുടെ ആത്മകഥ ഉയര്‍ത്തിക്കാട്ടി പാര്‍ലമെന്‍റില്‍ എത്രയോ നാളുകളായി തകര്‍ത്താടുകയായിരുന്നു രാഹുല്‍ ഗാന്ധി. രാഹുല്‍ ഗാന്ധിയെ ഈ വിവാദത്തിലേക്ക് വലിച്ചിഴവരില്‍ കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിമാരും ഉണ്ടെന്ന് പറയപ്പെടുന്നു. ഇതും വൈകാതെ പുറത്തുവരും.
നരാവനെയുടെ മൗനമായിരുന്നു രാഹുല്‍ ഗാന്ധിയെ പാര്‍ലമെന്‍റില്‍ അഴിഞ്ഞാടാന്‍ അനുവദിച്ചത്. ആ മൗനമാണ് ഇപ്പോള്‍ നരാവനെ വെടിഞ്ഞത്. ഇതോടെയാണ് രാഹുല്‍ ഗാന്ധിയുടെ മുഖംമൂടി അഴിഞ്ഞു വീണത്. രാഹുല്‍ ഗാന്ധി പാര്‍ലമെന്‍റില്‍ ഉയര്‍ത്തിയ വിവാദത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ആര്‍ക്കും എന്ത് വേണമെങ്കിലും പറയാം എന്നായിരുന്നു നരാവനെയുടെ മറുപടി.
കാരവാന്‍ മാസികയില്‍ വന്ന ലേഖനത്തെയും ഈ അഭിമുഖത്തില്‍ നരാവനെ വിമര്‍ശിച്ചു. ഈ വിവാദം വെറും അനാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. “തന്റെ ആത്മകഥയെ അടിസ്ഥാനമാക്കിയുള്ള ലേഖനത്തില്‍ കാരവാന്‍ മാസിക പേരില്ലാത്തവരെയാണ് ഉദ്ധരിച്ചിരിക്കുന്നത്. ഒരു ഉത്തരവാദിത്വവുമില്ലാതെ കാര്യങ്ങള്‍ ഉദ്ധരിച്ചിരിക്കുകയാണ് . വിശ്വസനീയമല്ലാത്ത കേന്ദ്രങ്ങളില്‍ നിന്നാണ് ഇവര്‍ കാര്യങ്ങള്‍ ഉദ്ധരിച്ചിരിക്കുന്നത്. “- നരാവനെ പറഞ്ഞു. ഇതോടെ കാരവാന്‍ മാസികയും കുടുങ്ങും.
നരാവനെയുടെ പ്രസിദ്ധീകരിക്കാത്ത പുസ്തകത്തിന്റെ കോപ്പി ഉയര്‍ത്തിപ്പിടിച്ചാണ് രാഹുല്‍ ഗാന്ധി പാര്‍ലമെന്‍റില്‍ ആഞ്ഞടിച്ചിരുന്നത്. എന്തായാലും ഇത് രാഹുല്‍ ഗാന്ധിയ്‌ക്ക് കുരുക്കാവും. കാരണം പുസ്തകം പ്രസിദ്ധീകരിച്ചിട്ടില്ലെന്ന് പെന്‍ഗ്വിന്‍ ബുക്സ് വരെ വ്യക്തമാക്കിയിട്ടുണ്ട്. എന്തായാലും ഈ വിവാദത്തിന് പിന്നില്‍ വിദേശശക്തികള്‍ കളിക്കുന്നുണ്ട് എന്ന് ഉറപ്പായിട്ടുണ്ട്.
Tags
India