പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തെളിവുകളുടെ അഭാവത്തില്‍ മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എസ്.
ശ്രീകുമാറും തന്ത്രി കണ്ഠര് രാജീവരും ജയില്‍മോചിതരായതിനു പിന്നാലെ പ്രധാനപ്പെട്ട രണ്ടു പ്രതികള്‍ക്കെതിരെ കൂടി കോടതിയില്‍ നിലനില്‍ക്കുന്ന ശക്തമായ തെളിവുകള്‍ കണ്ടെത്താനാകാതെ എസ്‌ഐടി. ബെല്ലാരിയിലെ ജൂവലറി ഉടമ ഗോവര്‍ദ്ധന്‍, സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരി എന്നിവര്‍ക്കെതിരെയാണ് ഇതുവരെയും ശക്തമായ തെളിവുകള്‍ ലഭിക്കാത്തത്.
പങ്കജ് ഭണ്ഡാരിക്കെതിരെ തെളിവ് ലഭിക്കണമെങ്കില്‍ കഴിഞ്ഞ ആഴ്‌ച്ച സന്നിധാനത്തെ പാളികളില്‍ നിന്നും വെട്ടിയെടുത്ത തകിടുകളുടെ പരിശോധനാ ഫലം ജംഷഡ്പൂരിലെ നാഷണല്‍ ഫോറന്‍സിക് ലാബില്‍ നിന്നു വരുംവരെ കാത്തിരിക്കണം. ദ്വാരപാലക പാളികള്‍, കട്ടിളപ്പാളികള്‍ എന്നിവയില്‍ മൂന്നു കിലോ സ്വര്‍ണമെങ്കിലും ഉണ്ടായിരുന്നതായാണ് എസ്‌ഐടി നിഗമനം. പക്ഷേ സ്വര്‍ണത്തിന്റെ അളവില്‍ ശാസ്ത്രീയ പരിശോധനാ ഫലമാണ് ആവശ്യം. മൂന്നു കിലോ സ്വര്‍ണം പാളികളില്‍ നിന്നും വേര്‍തിരിച്ചപ്പോള്‍ മൂന്നിലൊന്നു പോലും ലഭിച്ചില്ല എന്നാണ് സ്മാര്‍ട്ട് ക്രിയേഷന്‍സിന്റെ വാദം. ലഭിച്ചത് 986 ഗ്രാം സ്വര്‍ണം മാത്രമെന്നും അവര്‍
പാളികളില്‍ മൂന്നു കിലോസ്വര്‍ണം ഉണ്ടായിരുന്നെന്ന് തെളിഞ്ഞാലും അത് കേസില്‍ തെളിവായി സ്വീകരിക്കപ്പെടില്ലെന്ന് നിയമവിദഗ്ധര്‍ പറയുന്നു. സ്വര്‍ണം പാളിയില്‍ നിന്ന് വേര്‍തിരിക്കുമ്പോള്‍ ലഭിക്കുന്ന യഥാര്‍ത്ഥ അളവ് കണ്ടെത്തിയാലേ അതില്‍ വ്യക്തത ഉണ്ടാവു. അതിനായി മൂന്നു കിലോ സ്വര്‍ണം പൊതിഞ്ഞ പാളികളില്‍ നിന്നും വീണ്ടും അത് വേര്‍പെടുത്തി തെളിയിക്കേണ്ടി വരും. ഇപ്പോഴത്തെ നിലയില്‍ ഇത് എളുപ്പമല്ല.
പാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിവശം ചെന്നൈ സ്മാര്‍ട് ക്രിയേഷന്‍സില്‍ എത്തിച്ച് സ്വര്‍ണം പൂശാന്‍ തീരുമാനിച്ചത് ദേവസ്വം ബോര്‍ഡാണ്. ആ തീരുമാനം അനുസരിച്ചാണ് സ്മാര്‍ട്ട് ക്രിയേഷന്‍സ് സ്വര്‍ണം വേര്‍പെടുത്തി പൂശിയത്. അതിന്റെ പണിക്കൂലിയായി 109 ഗ്രാം സ്വര്‍ണം കമ്പനി ഈടാക്കി. അധികം വന്ന സ്വര്‍ണം പോറ്റിക്ക് തിരികെ നല്‍കി. ബെല്ലാരിയിലെ ജൂവലറി ഉടമ ഗോവര്‍ദ്ധന്‍ സ്വര്‍ണ വ്യാപാരിയാണ്. ഉണ്ണികൃഷ്ണന്‍ പോറ്റി നല്‍കിയ സ്വര്‍ണം വില കൊടുത്താണ് അയാള്‍ വാങ്ങിയത്. ശബരിമലയിലെ സ്വര്‍ണം ആണെന്ന് അറിഞ്ഞതോടെ അയാള്‍ പ്രായശ്ചിത്തമായി വീണ്ടും 10 ലക്ഷം രൂപാ ദേവസ്വം ബോര്‍ഡിന് നല്‍കി. കൂടാതെ മാളികപ്പുറത്ത് അമ്മയ്‌ക്ക് 10 പവന്‍ സ്വര്‍ണ മാലയും നടയ്‌ക്കു വെച്ചു. ശബരിമല ശ്രീകോവില്‍ വാതില്‍ നേരത്തെ സ്വര്‍ണം പൂശി സ്ഥാപിച്ചത് ഗോവര്‍ദ്ധന്‍ സ്വന്തം ചെലവിലാണ്. ഇക്കാരണങ്ങളാല്‍ സ്വര്‍ണം വാങ്ങിയതിലൂടെ ഗോവര്‍ധന് സാമ്പത്തിക ലാഭം ഉണ്ടായെന്നു തെളിയിക്കാന്‍ അന്വേഷണ സംഘത്തിന് ഏറെ പണിപ്പെടേണ്ടിവരുമെന്ന് നിയമ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. എസ്‌ഐടി അന്വേഷണത്തിലെ പാളിച്ചകളാണ് ഇതിലെല്ലാം വ്യക്തമാകുന്നത്.
Tags
Kerala