അവകാശവാദങ്ങളിലും എതിര്‍പ്പുകളിലും തീര്‍പ്പ് ഉണ്ടാക്കാൻ ജുഡീഷ്യല്‍ ഓഫീസര്‍മാരെ നിയമിച്ചു, ബംഗാള്‍ വോട്ടര്‍പട്ടിക പരിഷ്കരണത്തില്‍ നി‌ര്‍ണായക ഇടപെടലുമായി സുപ്രീം കോടതി

ന്യൂഡൽഹി: ബംഗാള്‍ തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തില്‍ നി‌ർണായക ഇടപെടലുമായി സുപ്രീംകോടതി. അവകാശവാദങ്ങളിലും എതിർപ്പുകളിലും തീർപ്പ് ഉണ്ടാക്കാൻ ജുഡീഷ്യല്‍ ഓഫീസർമാരെ കോടതി നിയമിച്ചു.

ബംഗാള്‍ സർക്കാരും തെരഞ്ഞെടുപ്പ് കമ്മീഷനും തമ്മിലുള്ള വിശ്വാസക്കുറവ് നിരീക്ഷിച്ചാണ് കോടതി നടപടി. പ്രക്രിയയില്‍ ഇആർഒ മാരുടെ നടപടി ജുഡീഷ്യല്‍ ഓഫീസർമാർ നിർവഹിക്കും. ബംഗാളില്‍ വോട്ടർ പട്ടികയില്‍ നിന്ന് 70ലക്ഷം പേർ ഒഴിവായേക്കും എന്നാണ് റിപ്പോർട്ടുകള്‍. കരടു പട്ടികയില്‍ നിന്ന് 58 ലക്ഷം പേരെ ഒഴിവാക്കിയിരുന്നു. പരിശോധനയ്ക്കു ശേഷം 5 ലക്ഷം പേരെ കൂടി ഒഴിവാക്കി. അഞ്ചു ലക്ഷം പേർ തെളിവെടുപ്പിന് എത്തിയില്ല. അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കാൻ ബംഗാള്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടേക്കും.

പശ്ചിമ ബംഗാളില്‍ കരടു വോട്ടർ പട്ടിക വന്നപ്പോള്‍ ആകെ 58 ലക്ഷം പേരാണ് ഒഴിവായത്. മരിച്ചു പോയവർ, താമസം മാറി പോയവർ, ഇരട്ടവോട്ടുള്ളവർ എന്നിവരുടെ പേരുകളാണ് വെട്ടിയതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരിച്ചിരുന്നു. ഇതിനു ശേഷം അമ്പതു ലക്ഷത്തോളം വോട്ടർമാരുടെ രേഖകള്‍ പരിശോധിക്കാനുള്ള നടപടി തുടങ്ങിയിരുന്നു. ഈ പരിശോധന തെരഞ്ഞെടുപ്പ് കമ്മീഷനും സംസ്ഥാന സർക്കാരിനും ഇടയില്‍ വാഗ്വാദത്തിനിടയാക്കിയിരുന്നു. ഇപ്രാവശ്യത്തെ തെരഞ്ഞെടുപ്പിന് എസ്‌ഐആർ പട്ടിക ആധാരമാക്കരുതെന്ന് വാദിച്ച്‌ മമത ബാനർജിയും സുപ്രിംകോടതിയിലെത്തിയിരുന്നു. എന്നാല്‍ പരിശോധന സുപ്രീംകോടതി തടഞ്ഞില്ല. ആവശ്യമെങ്കില്‍ അന്തിമ പട്ടികയ്ക്കുള്ള തീയതി നീട്ടാൻ കോടതി നിർദ്ദേശിച്ചു. തെളിവെടുപ്പില്‍ അഞ്ചു ലക്ഷത്തോളം പേരുടെ രേഖകള്‍ കമ്മീഷൻ അംഗീകരിച്ചില്ല എന്നാണ് സൂചന.

അഞ്ചു ലക്ഷം പേർ തെളിവെടുപ്പിന് ഹാജരായതുമില്ല. ഒന്നര ലക്ഷത്തോളം പേരുടെ രേഖകള്‍ നിശ്ചിത സമയത്തിനുള്ളില്‍ അപ്ലോഡ് ചെയ്തില്ലെന്നാണ് കണക്ക്. ഈ പന്ത്രണ്ട് ലക്ഷത്തോളം പേർ കൂടി അന്തിമ പട്ടികയില്‍ ഒഴിവാകാനാണ് സാധ്യത. എഴുപത് ലക്ഷം പേർ ആകെ ഒഴിവാകുന്നത് വീണ്ടും രാഷ്ട്രീയ തർക്കം മുറുകാൻ ഇടയാക്കും. 28ന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കാനാണ് നേരത്തെ നിശ്ചയിച്ചത്. ഇത് ഒരാഴ്ച കൂടി നീട്ടിയാല്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപനവും വൈകും. ഇപ്പോഴത്തെ നിലയ്ക്ക് മാർച്ച്‌ രണ്ടാ വാരം വോട്ടെടുപ്പ് തീയതികള്‍ പ്രഖ്യാപിക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നോക്കുന്നത്.


Previous Post Next Post