കോഴിക്കോട്: മലയാളത്തിന് കാലാതീതമായ സര്‍ഗപുണ്യം സമ്മാനിച്ച എം.ടി. വാസുദേവന്‍ നായരുടെ വേര്‍പാടിന് ഇന്ന് ഒരാണ്ട് തികയുന്നു.
അരനൂറ്റാണ്ടിലേറെക്കാലം കഥകളിലൂടെയും നോവലുകളിലൂടെയും സിനിമകളിലൂടെയും അനുവാചകരുടെ ഹൃദയത്തില്‍ അനശ്വരപ്രതിഷ്ഠ നേടിയ എംടിയുടെ ഭൗതികസാന്നിധ്യമില്ലാത്ത ഒരു വര്‍ഷം.
2024 ഡിസംബര്‍ 25ന് രാത്രിയാണ് ആ സര്‍ഗപ്രതിഭ വിടപറഞ്ഞത്. എംടി ഉള്‍പ്പെടെയുള്ള എഴുത്തുകാരുടെയും കലാകാരന്മാരുടെയും സാന്നിധ്യം കൊണ്ട് കോഴിക്കോടിന് കൈവന്ന സാഹിത്യനഗര പദവി യുനെസ്‌കോ പ്രഖ്യാപിച്ച് 13 മാസം പിന്നിട്ടപ്പോഴായിരുന്നു അദ്ദേഹത്തിന്റെ വിയോഗം.
ദീര്‍ഘകാലം അദ്ദേഹം നേതൃത്വം വഹിച്ച തിരൂര്‍ തുഞ്ചന്‍പറമ്ബില്‍ എംടിയുടെ ഓര്‍മയ്‌ക്കായി സാംസ്‌കാരിക സമുച്ചയം ഉയര്‍ന്നുകാണാന്‍ കാത്തിരിക്കുകയാണ് സഹൃദയലോകം. തുഞ്ചന്‍ സ്മാരകത്തിന്റെ സരസ്വതീ മണ്ഡപത്തിന് ചേര്‍ന്നാണ് മ്യൂസിയവും ഗ്യാലറിയുമുള്‍പ്പെടുന്ന സമുച്ചയം പണിയുന്നത്. ഇതിന്റെ കരാര്‍ നല്‍കിയത് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റിക്കാണ്. കഴിഞ്ഞ ബജറ്റില്‍ ആദ്യഘട്ടമായി അഞ്ച് കോടി രൂപ ഇതിനായി അനുവദിച്ചിരുന്നു. ഒന്നാം ചരമവാര്‍ഷികത്തില്‍ പൂര്‍ത്തിയാവുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും നിര്‍മാണം എങ്ങുമെത്തിയിട്ടില്ല.
കേരളത്തിന്റെ സാംസ്‌കാരികനഭസ്സില്‍ വലിയൊരു ശൂന്യത സൃഷ്ടിച്ചാണ് എംടി കടന്നുപോയത്. ആ ശൂന്യത നികത്താന്‍ സ്മൃതിമന്ദിരങ്ങളേക്കാള്‍ ഉതകുന്നത് അദ്ദേഹം അവശേഷിപ്പിച്ച കഥാലോകവും സര്‍ഗസാന്നിധ്യവുമാണെന്ന് മലയാളികള്‍ തിരിച്ചറിയുന്ന ഘട്ടം കൂടിയാണ് ഈ ഓര്‍മദിവസം.
Tags
Kerala