മുഖ്യമന്ത്രി ഉണ്ണിക്കൃഷ്ണൻ പോറ്റിയെ കണ്ടത് ആംബുലൻസ് ഉദ്ഘാടന ചടങ്ങില്‍, ദൃശ്യങ്ങള്‍ പുറത്ത്

തിരുവനന്തപുരം: ശബരിമല സ്വർണക്കവർച്ച കേസിലെ ഒന്നാംപ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയുമൊത്തുള്ള കോണ്‍ഗ്രസ് നേതാക്കളുടെ ചിത്രങ്ങള്‍ പുറത്തു വന്നത് വിവാദമായിരുന്നു.

ഇതിന് പിന്നാലെ മുഖ്യമന്ത്രിയും ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി കൂടിക്കാഴ്ച നടന്നെന്ന് ആരോപിച്ച്‌ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ചിത്രങ്ങള്‍ പൊലീസ് ആംബുലൻസിന്റെ ഉദ്ഘാടന ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങള്‍ ആണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സി.പി.എം. ഇതിന്റെ ദൃശ്യങ്ങള്‍ സി.പി.എം നേതാവ് കെ.എസ്. അരുണ്‍കുമാർ പുറത്തുവിട്ടു.

ശബരിമല സ്വർണ്ണപ്പാളി കടത്ത് കേസിലെ പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയെ സെക്രട്ടറിയേറ്റിലെ പോർട്ടിക്കോയില്‍ വച്ചാണ് കണ്ടതെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വാർത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. ശബരിമലയിലെ ആവശ്യത്തിനായി ഒരു ആംബുലൻസ് പൊലീസിന് കൈമാറുന്നതായിരുന്നു ആ ചടങ്ങ്. ആ ചടങ്ങിലെ ദൃശ്യങ്ങളില്‍ നിന്നും കട്ട് ചെയ്തെടുത്ത് വ്യാജമായി നിർമ്മിച്ച ചില ചിത്രങ്ങളാണ് പല കോണ്‍ഗ്രസ് നേതാക്കളും ഉപയോഗിച്ചതെന്ന് ദൃശ്യങ്ങള്‍ പങ്കുവച്ച്‌ അരുണ്‍കുമാർ കുറിച്ചു.


ഉണ്ണിക്കൃഷ്ണൻ പോറ്റിക്കൊപ്പം മുഖ്യമന്ത്രി പിണറായി വിജയൻ പൊലീസിന്റെ ചടങ്ങില്‍ പങ്കെടുക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. താക്കോല്‍ കൈമാറുമ്ബോള്‍ മുഖ്യമന്ത്രിക്കൊപ്പം പോറ്റിയും സമീപം നില്‍ക്കുന്നതും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്ക് കൈകൊടുക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. മുഖ്യമന്ത്രിയും ഉണ്ണിക്കൃഷ്ണണ്‍ പോറ്റിയുമായുള്ള രണ്ട് ഫോട്ടോകളില്‍ ഒന്ന് എ.ഐ ആണെന്നും രണ്ടാമത്തെ ഫോട്ടോയുടെ വിശദാംശങ്ങള്‍ വൈകാതെ പുറത്തുവരുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

രണ്ട് മുൻ ദേവസ്വം ബോർഡ് പ്രസിഡന്റുമാർ ഉള്‍പ്പെടെ അറസ്റ്റിലായതോടെ ഉണ്ണിക്കൃഷ്ണൻ പോറ്റിക്കൊപ്പമുള്ള സോണിയ ഗാന്ധിയുടെ ചിത്രം പരാമർശിച്ച്‌ മുഖ്യമന്ത്രി ഉള്‍പ്പെടെ ഇടതുനേതാക്കള്‍ ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ താൻ കാണുന്നതിന് മുൻപ് മുഖ്യമന്ത്രിയാണ് ഉണ്ണിക്കൃഷ്ണൻ പോറ്റിയെ കണ്ടെതെന്ന് യു.ഡി.എഫ് കണ്‍വീനർ അടൂർ പ്രകാശ് മറുപടി നല്‍കി. പോറ്റിയും മുഖ്യമന്ത്രിയും ഒരുമിച്ചുള്ള ചിത്പം ചൂണ്ടിക്കാട്ടിയായിരുന്നു കോണ്‍ഗ്രസ് നേതാക്കളുടെ മറുപടി.
Previous Post Next Post