വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; രാംനാരായണിന്റെ കുടുംബത്തിന് 30 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച്‌ സര്‍ക്കാർ

പാലക്കാട്: വാളയാറില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട രാംനാരായണിന്റെ കുടുംബത്തിന് സർക്കാർ സഹായം പ്രഖ്യാപിച്ചു.

30 ലക്ഷം രൂപ സഹായം നല്‍കാനാണ് ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചത്. ഇക്കഴിഞ്ഞ ചൊവ്വാഴ്‌ചയാണ് ഛത്തീസ്‌ഗ‌ഡ് സ്വദേശിയായ രാംനാരായണനെ കള്ളൻ എന്ന് ആരോപിച്ച്‌ ആള്‍ക്കൂട്ടം ക്രൂരമായി മർദിച്ചത്. അവശനായ രാംനാരായണ്‍ പിറ്റേന്ന് രാത്രിയോടെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ വച്ച്‌ മരണപ്പെടുകയും ചെയ്‌തു.

സംഭവം കേരളത്തില്‍ വലിയ രാഷ്‌ട്രീയ വിവാദമായി മാറിയതിന് പിന്നാലെയാണ് സംസ്ഥാന സർക്കാർ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ചത്. ഛത്തീസ്‌ഗഡ് സർക്കാരും രാംനാരായണിന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

രാംനാരായണിന്റെ കൊലപാതകത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. സംഭവത്തില്‍ മൂന്നുപേരെ നേരത്തേ വാളയാർ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍, പ്രതികള്‍ക്കെതിരെ നിസാര വകുപ്പുകളാണ് ചുമത്തിയിരുന്നത്. രാഷ്‌ട്രീയ സമ്മർദത്തിനൊടുവില്‍ ഒരാഴ്‌ച കഴിഞ്ഞ് ഇന്നലെയാണ് പൊലീസ് ഗുരുതര വകുപ്പുകള്‍ ചുമത്തിയത്. എസ്‌സി/ എസ്‌ടി അതിക്രമം തടയല്‍, ആള്‍ക്കൂട്ട കൊലപാതകരം എന്നീ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസില്‍ രണ്ടുപേരെക്കൂടി പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്‌തിരുന്നു.
Previous Post Next Post