തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇനി 10 രൂപയ്‌ക്ക് ചായയും 20 രൂപയ്‌ക്ക് സ്നാക്സും ലഭിക്കും ; യാത്രക്കാര്‍ക്ക് ആശ്വാസമായി ഉഡാന്‍ കഫെ

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇനി മുതല്‍ 10 രൂപയ്‌ക്ക് ചായയും 20 രൂപയ്‌ക്ക് സ്‌നാക്‌സും ലഭിക്കും.

ഉഡാന്‍ കഫെയുടെ ഉദ്ഘാടനം കേന്ദ്രമന്ത്രി റാം മോഹന്‍ നായിഡു വെര്‍ച്ച്‌വലായി ഉദ്ഘാടനം ചെയ്തു. കേരളത്തിലെ വിമാനത്താവളങ്ങളിലെ ആദ്യ ഉഡാന്‍ കഫെയാണിത്.

മുമ്പ് ഒരു ചായക്ക് കുറഞ്ഞത് 150 രൂപയെങ്കിലും കൊടുക്കണമായിരുന്നു. ഈ വൻ വിലയ്‌ക്കാണ് ഉഡാന്‍ കഫേയിലൂടെ പരിഹാരമായത്.
20 രൂപ മുതല്‍ ആരംഭിക്കുന്ന ലഘുഭക്ഷണങ്ങള്‍ യാത്രക്കാർക്ക് ലഭ്യമാക്കുക എന്നതാണ് ഈ സംരംഭത്തിന്റെ പിന്നിലെ ലക്ഷ്യം. കേന്ദ്ര വ്യോമയാന മന്ത്രാലയവും എയർപോർട്ട് അതോറിറ്റിയും ചേർന്ന് ഉഡാൻ യാത്രി കഫേകള്‍ക്ക് തുടക്കം കുറിച്ചത്.

ഉഡാൻ കഫെ ഉദ്ഘാടനത്തോടൊപ്പം തിരുവനന്തപുരം വിമാനത്താവളത്തിലെ 'ഡിജി യാത്ര' (Digi Yatra) സേവനങ്ങളുടെ ഔദ്യോഗികമായ ഉദ്ഘാടനവും മന്ത്രി നിർവ്വഹിച്ചു. ആഭ്യന്തര യാത്രക്കാർക്ക് വിമാനത്താവളത്തിലെ നടപടികള്‍ വേഗത്തിലാക്കാൻ സഹായിക്കുന്ന ബയോമെട്രിക് അധിഷ്ഠിത സംവിധാനമാണിത്.

യാത്രക്കാർക്ക് തങ്ങളുടെ തിരിച്ചറിയല്‍ രേഖകളും ബോർഡിംഗ് പാസും ഓരോ ഘട്ടത്തിലും പരിശോധനയ്‌ക്കായി നല്‍കുന്നതിന് പകരം, ഡിജി യാത്ര ആപ്പില്‍ നേരത്തെ രജിസ്റ്റർ ചെയ്ത മുഖം തിരിച്ചറിയുന്ന സാങ്കേതികവിദ്യ ഉപയോഗിച്ച്‌ മിനിറ്റുകള്‍ക്കുള്ളില്‍ സെക്യൂരിറ്റി ചെക്കുകള്‍ പൂർത്തിയാക്കാം.
Previous Post Next Post