കോട്ടയം: മദ്യപിച്ച് വാഹനമോടിച്ച് കാല്‍നടയാത്രികനെ ഇടിച്ച് പരുക്കേല്‍പ്പിച്ച സംഭവത്തില്‍ സീരിയല്‍ നടൻ സിദ്ധാർത്ഥ് പ്രഭുവിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും.
സംഭവത്തില്‍ കേസ് എടുത്ത ചിങ്ങവനം പോലീസ് ഇന്ന് മോട്ടോര്‍ വാഹന വകുപ്പിന് റിപ്പോര്‍ട്ട് നല്‍കും. സിദ്ധാര്‍ത്ഥിനെ ഇന്നലെ അറസ്റ്റ് ചെയ്ത ജാമ്യത്തില്‍ വിട്ടയച്ചിരുന്നു.
ഡിസംബർ 24-ന് രാത്രിഎം.സി. റോഡില്‍ നാട്ടകം ഗവണ്‍മെന്റ് കോളേജിന് സമീപമാണ് സംഭവം. കോട്ടയം ഭാഗത്തുനിന്ന് എത്തിയ സിദ്ധാർത്ഥ് പ്രഭു ഓടിച്ച കാർ നിയന്ത്രണംവിട്ട് ലോട്ടറി വില്‍പ്പനക്കാരനെ ഇടിക്കുകയായിരുന്നു. അപകടം കണ്ട് ഓടിക്കൂടിയ നാട്ടുകാർ റോഡില്‍ വീണയാളെ രക്ഷിക്കുന്നതിനിടെ നടൻ ഇവരുമായി വാക്കുതർക്കത്തിലേർപ്പെട്ടു. കയ്യാങ്കളിയിലേക്കും നീങ്ങി. സംഭവസ്ഥലത്തെത്തി ഇടപെടാൻ ശ്രമിച്ച പോലീസുകാരനോടും സിദ്ധാർത്ഥ് ആക്രമണസ്വഭാവം കാണിച്ചതായി പോലീസ് അറിയിച്ചു. പിന്നീട് ബലംപ്രയോഗിച്ചാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പരുക്കേറ്റയാളെ ഉടൻ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
സിദ്ധാര്‍ത്ഥ് പ്രഭു നാട്ടുകാരെ അസഭ്യം പറയുകയും റോഡില്‍ കിടക്കുകയും ചെയ്ത ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മിനി സ്‌ക്രീൻ പ്രേക്ഷകർക്ക് സുപരിചിതനാണ് സിദ്ധാർത്ഥ് പ്രഭു. മഴവില്‍ മനോരമയിലെ തട്ടീം മുട്ടീം എന്ന സീരിയലിലൂടെ ബാലതാരമായി അഭിനയ രംഗത്തെത്തിയ സിദ്ധാർത്ഥ് പിന്നീട് ചില സിനിമകളിലും വേഷമിട്ടിട്ടുണ്ട്. അടുത്തിടെ ഉപ്പും മുളകും പരമ്ബരയില്‍ കേന്ദ്ര കഥാപാത്രത്തിന്റെ ഭർത്താവായി അഭിനയിച്ചു വരികയായിരുന്നു.
Tags
Kerala