ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്: നാളെയും മറ്റന്നാളും സ്പോട്ട് ബുക്കിങ് 2000 പേര്‍ക്ക് മാത്രം; തങ്കഅങ്കി നാളെ എത്തും; ശബരിമലയില്‍ വൻ തിരക്ക്

ശബരിമല: മണ്ഡല പൂജയ്ക്ക് ശബരിമല അയ്യപ്പസ്വാമിക്കു ചാർത്താനുള്ള തങ്ക അങ്കി വഹിച്ചുള്ള രഥഘോഷയാത്ര വെള്ളിയാഴ്ച (ഡിസംബർ 26) വൈകിട്ട് ശബരിമല സന്നിധാനത്ത് എത്തും.

വൈകിട്ട് തങ്കഅങ്കി ചാർത്തി ദീപാരാധന നടക്കും. ശനിയാഴ്ചയാണ് (ഡിസംബർ 27) തങ്ക അങ്കി ചാർത്തിയുള്ള മണ്ഡലപൂജ. രാവിലെ 10.10നും 11.30 നും ഇടയിലുള്ള മുഹൂർത്തത്തിലാണ് ഈ വർഷത്തെ മണ്ഡലപൂജ.

ശനിയാഴ്ച രാത്രി 11.00 മണിക്കു ഹരിവരാസനത്തിനുശേഷം അടയ്ക്കുന്ന ശബരിമല നട മകരവിളക്ക് മഹോത്സവത്തിനായി ഡിസംബർ 30നായിരിക്കും തുറക്കുക.

അതെസമയം അഭൂതപൂർവമായ തിരക്കാണ് ശബരിമലയില്‍ ഇപ്പോള്‍ അനുഭവപ്പെടുന്നത്. മണ്ഡല പൂജയോടനുബന്ധിച്ച ദിവസങ്ങളില്‍ തിരക്കുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഡിസംബർ 26, 27 തീയതികളില്‍ കടുത്ത നിയന്ത്രണം ഏർപ്പെടുത്തും. മണ്ഡലപൂജയോടനുബന്ധിച്ച്‌ ഡിസംബർ 26, 27 ദിവസങ്ങളിലേക്കുള്ള വെർച്വല്‍ ക്യൂ ബുക്കിംഗ് നേരത്തെ ആരംഭിച്ചിരുന്നു.

ഈ വർഷം തിരക്ക് കൂടിയത് കണക്കിലെടുത്ത് ക്യൂ ബുക്കിങ്ങിലും നിയന്ത്രണം വരുത്തിയിരുന്നു. ഡിസംബർ 26നും, 27നും വെർച്വല്‍ ക്യൂ, സ്‌പോട്ട് ബുക്കിങ് എന്നിവയ്ക്ക് നിയന്ത്രണമുണ്ട്. തങ്ക അങ്കി ഘോഷയാത്ര സന്നിധാനത്ത് എത്തുന്ന ദിവസം വെർച്വല്‍ ക്യൂ വഴി 30,000 പേരെയേ ദർശനത്തിന് അനുവദിക്കുകയുള്ളൂ. മണ്ഡലപൂജ നടക്കുന്ന ദിവസമായ ഡിസംബർ 27ന് 35,000 പേരെയും വെർച്വല്‍ ക്യൂ വഴി ദർശനം അനുവദിക്കും. ഈ രണ്ട് ദിവസങ്ങളില്‍ സ്പോട്ട് ബുക്കിങ്ങിലും നിയന്ത്രണമുണ്ട്. 2000 പേർക്ക് മാത്രമേ സ്പോട്ട് ബുക്കിങ്ങിലൂടെ ശബരിമല ദർശനം നടത്താൻ കഴിയൂ.

തിരുവിതാംകൂർ മഹാരാജാവ് അയ്യപ്പസ്വാമിക്ക് മണ്ഡല പൂജയ്ക്ക് ചാർത്താനായി സമർപ്പിച്ചതാണ് തങ്ക അങ്കി. ചൊവ്വാഴ്ച (ഡിസംബർ 23) രാവിലെയാണ് ആറന്മുള പാർഥസാരഥി ക്ഷേത്രത്തില്‍നിന്ന് തങ്ക അങ്കി ഘോഷയാത്ര പുറപ്പെട്ടത്. നിരവധി ക്ഷേത്രങ്ങളിലൂടെ കടന്നാണ് തങ്ക അങ്കി സന്നിധാനത്തേക്ക് യാത്ര ചെയ്യുന്നത്.

വെള്ളിയാഴ്ച രാവിലെ എട്ടിന് പെരുനാട് ശാസ്താക്ഷേത്രത്തില്‍ നിന്ന് പുനരാരംഭിക്കുന്ന തങ്ക അങ്കി ഘോഷയാത്ര ഒൻപതിന് ളാഹ സത്രം, 10ന് പ്ലാപ്പള്ളി, 11ന് നിലയ്ക്കല്‍ ക്ഷേത്രം, ഉച്ചയ്ക്ക് ഒന്നിന് ചാലക്കയം എന്നിവിടങ്ങളിലെത്തും. ഉച്ചയ്ക്കു 1.30ന് പമ്ബയിലെത്തി വിശ്രമിച്ചശേഷം ഉച്ചകഴിഞ്ഞ് മൂന്നിനു പുറപ്പെട്ട് വൈകുന്നേരം അഞ്ചിന് ശരംകുത്തിയില്‍ എത്തിച്ചേരും. ഇവിടെനിന്ന് ആചാരപൂർവം സ്വീകരിച്ച്‌ സന്നിധാനത്തേക്ക് ആനയിക്കും. പതിനെട്ടാംപടി കയറി സോപാനത്ത് എത്തുമ്ബോള്‍ തന്ത്രിയും മേല്‍ശാന്തിയും ചേർന്ന് ഏറ്റുവാങ്ങും. അയ്യപ്പ വിഗ്രഹത്തില്‍ തങ്ക അങ്കി ചാർത്തി 6.30ന് ദീപാരാധന നടക്കും.
Previous Post Next Post